ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം: അനിൽ അക്കര

single-img
27 August 2024

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ അനിൽ അക്കര. റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രോഷത്തോടെയുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിന് പിന്നാലെ അനിൽ അക്കര നടത്തിയ പ്രതികരണത്തിലാണ് ഇത് പറഞ്ഞത് .

അനിൽ അക്കരയുടെ പ്രതികരണം പൂർണ്ണരൂപം:

ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചത്തുവന്നതിന് ശേഷം നിരവധി നടന്മാർക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടെയൊക്കെ പേരുണ്ട് എന്നത് ഇനിയും വ്യക്തമല്ല. പരാതിയുമായി മുന്നോട്ട് വന്നവരുടെ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാതിക്കാരുടെയോ അവർ ആരോപണം ഉന്നയിച്ചവരുടെയോ കാര്യങ്ങൾ ചർച്ചയായിട്ടില്ല.

ഏതൊക്കെ സിനിമാ താരങ്ങൾ നടിമാരോട് മോശമായി പെരുമാറിയെന്നോ പീ‍ഡിപ്പിച്ചു എന്നോ ഉള്ള ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനകത്ത് സുരേഷ് ഗോപിയുടെ പേരുണ്ടോ എന്ന സംശയം എനിക്കും പൊതുസമൂഹത്തിനും ബലപ്പെടുന്ന സംഭവമാണ് ഇന്നത്തേത്. അല്ലെങ്കിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ സുരേഷ് ഗോപി ശ്രമിക്കേണ്ട കാര്യമെന്താണ്. അദ്ദേഹത്തിന് വലിയ കുറ്റബോധമുണ്ട് എന്നാണ് എനിക്ക് തോന്നുന്നതെന്നും അനിൽ അക്കര പറഞ്ഞു.