തുമ്ബ കിൻഫ്ര പാര്‍ക്ക് തീപ്പിടുത്തം;മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ


തിരുവനന്തപുരം: തുമ്ബ കിൻഫ്ര പാര്‍ക്കില്‍ തീപിടിത്തം ഉണ്ടായ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ.
സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കെട്ടിടത്തില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.ബ്ലീച്ചിങ് പൗഡറില്‍ വെള്ളം കലര്‍ന്നാല്‍ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആല്‍ക്കഹോളും കലര്‍ന്നാല്‍ തീപിടുത്തം ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. സാനിറ്റിറ്റസര്‍ അടക്കമുള്ളവ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. തീപിടുത്തം ഉണ്ടായ കെട്ടിടത്തില്‍ അടിമുടി വീഴ്ചയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയര്‍ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിര്‍ദ്ദേശം നല്‍കി. അതിനിടെ തീ അണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്സ് ജീവനക്കാരൻ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. ഫയര്‍ഫോഴ്സ് ആസ്ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്ജിത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും.നേരത്തേ തീ പിടുത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതും ഫയര്‍ഫോഴ്‌സിന്റെ എൻ.ഒ.സി ഇല്ലാതെയാണെന്ന് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. കെട്ടിടത്തിന് പുറത്ത് അലക്ഷ്യമായി ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.