വിജിലന്‍സ് പ്രോസിക്യൂട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തില്‍ വീണ്ടും അട്ടിമറി

single-img
2 September 2022

തിരുവനന്തപുരം : വിജിലന്‍സ് പ്രോസിക്യൂട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തില്‍ വീണ്ടും അട്ടിമറി. ആദ്യ അഭിമുഖ പട്ടിക റദ്ദാക്കി രണ്ടാമതും തയ്യാറാക്കിയ പട്ടിക കുറിച്ചാണ് ആക്ഷേപം ഉയരുന്നത്.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അഭിമുഖം നടത്തിയ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 15 പേരുടെ ചുരുക്കപ്പട്ടികയാണ് അഭിമുഖ സമിതി തയ്യാറാക്കിയത്. സര്‍ക്കാരിന് താല്‍പര്യമുള്ളവരെ അഴിമതി കേസുകളില്‍ പ്രോസിക്യൂട്ടര്‍മാരാക്കുന്നതിന് വേണ്ടിയാണ് ഒളിച്ചുകളിയെന്നാണ് ആക്ഷേപം.

വിജിലന്‍സ് കോടതികളില്‍ അഴിമതി കേസുകള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമിച്ചത്. എട്ടു പ്രോസിക്യൂട്ടര്‍മാര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് മൂന്നുപേര്‍ മാത്രം. ഇതില്‍ ഒരു പ്രോസിക്യൂട്ടര്‍ ചീഫ് സെക്രട്ടറിയുട ഓഫീസിലേക്ക് ഡെപ്യൂട്ടേഷന് പോയതോടെ അഴിമതി കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ ആളില്ലാത്ത സ്ഥിതിയായി.

ഇതേ തുടര്‍ന്ന് താല്‍ക്കാലിക നിയമനം നടത്താന്‍ ഒരു വര്‍ഷം മുമ്ബ് വിജ്ഞാപനം ഇറക്കി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരടങ്ങിയ അഭിമുഖ സമിതിയെയയും നിയമിച്ചു. 122 അപേക്ഷകരെ അഭിമുഖം നടത്തി. അഭിമുഖ ദിവസം വിജിലന്‍സിലെ അഡീഷണ‌ല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരായില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് അഭിമുഖത്തില്‍ പങ്കെടുക്കാത്തത്.

വിഷയ വിദഗ്ധന്‍ എന്ന നിലയില്‍ ജില്ലാ ജഡ്ജികൂടിയായ നിയമ സെക്രട്ടറിയുള്ളതിനാല്‍ അഭിമുഖം നടത്താന്‍ ആഭ്യന്തര സെക്രട്ടറി തീരുമാനിച്ചു. അഭിമുഖം നടത്തിയ മാര്‍ക്കിനെറ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കി. അഭിമുഖ ബോര്‍ഡിലുണ്ടായിരുന്ന അഡീല്‍ണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പങ്കെടുത്തിലെന്ന് ചൂണ്ടികാട്ടി ഈ പട്ടിക റദ്ദാക്കി. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടേത് രാഷ്ട്രീയ നിയമനമാണ്.

വീണ്ടും ഉളള അഭിമുഖം നടത്താനുള്ള തീരുമാനം ആരെയോ തിരുകി കയറ്റാനെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വീണ്ടും അഭിമുഖം ബോര്‍ഡിലിക്കാന്‍ നിയമ സെക്രട്ടറി വിയോജിപ്പ് അറിയിച്ചു. എന്നാല്‍ അഭിമുഖം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. വീണ്ടും അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ് വിചിത്രം.

അഭിമുഖത്തില്‍ അഭിഭാഷകര്‍ക്ക് ലഭിച്ച മാര്‍ക്ക് അനുസരിച്ച്‌ ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 65 മാ‍ര്‍ക്ക് വരെ ലഭിച്ചവരുടെ പട്ടികയാണ് സര്‍ക്കാരിന് കൈമാറിയത്. ഇതില്‍ നിന്നും സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ വാദിക്കുന്നതിന് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കും. അഭിമുഖ സമിതിക്കു പകരം ചുരുക്കപ്പട്ടികയില്‍ നിന്നും മികച്ച അഭിഭാഷകരെ സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്നതാണ് ചോദ്യം. ഇഷ്ടക്കാരെ പട്ടിയില്‍ നിന്നും കണ്ടെത്താനാണ് ഈ വളഞ്ഞ വഴിയെന്നാണ് ആരോപണം