10 മാസത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 1.83 ലക്ഷം പേർ; കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്
ഇന്ത്യൻ പൗരന്മാർ വ്യാപകമായി രാജ്യത്തെ പൗരത്വം ഉപേക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
വിഷയത്തിൽ കേന്ദ്ര സര്‍ക്കാർ കൃത്യമായ മറുപടി പറയണമെന്നും കണക്കുകൾ പുറത്തുവിട്ടുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെട്ടു. 2022 ൽ ആദ്യ പത്ത് മാസത്തിനിടെ 1.83 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്കുകൾ ചൂണ്ടികാട്ടുന്നതെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. ശരിയായി പറഞ്ഞാൽ ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരത്തി എഴുനൂറ്റി നാല്‍പത്തിയൊന്ന് പേരാണ് ഇക്കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്ക്.
ഓരോ ദിവസത്തെയും കണക്കുകൾ പരിശോധിച്ചാല്‍ 604 പേര്‍ ഇന്ത്യ വിടുന്നതായി കണക്കാക്കാം എന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടികാട്ടി. കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായിരുന്ന യു പി എ ഭരണകാലത്തെക്കാൾ വലിയ തോതിലുള്ള വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.