വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈ മാറും

single-img
8 October 2022

പാലക്കാട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ കുടുംബത്തിന് ഒടുവില്‍ ആശ്വാസം.

നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരമാവില്ല എങ്കിലും അപകടത്തില്‍ മരണമടഞ്ഞ മൂന്നു കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി.

2016ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പദ്ധതിപ്രകാരം നല്‍കി വരുന്ന അവാര്‍ഡ് തുക എന്ന നിലയില്‍ 2 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത്തിന്റെ കുടുംബത്തിനായി കൈമാറുമെന്നും ബാക്കിയുള്ള എട്ടു ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേര്‍ക്കും ഉടന്‍ തന്നെ തുക നല്‍കും. ഇത്രയും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വളരെ പെട്ടെന്ന് തന്നെ അനുവദിച്ചത്.

യാത്ര ടിക്കറ്റില്‍ ഒരു രൂപ മുതല്‍ നാമമാത്രമായ തുക സമാഹരിച്ചും മറ്റുമാണ് ഏതാണ്ട് രണ്ട് കോടിയിലധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ജോമോന്റെ അശ്രദ്ധയാണ് ഒരു മരണപരമ്ബരയ്ക്ക് തന്നെ കാരണമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോമോനെതിരെ നരഹത്യക്ക് കേസ് എടുത്തിരിക്കുകയാണ്. ഇതിനുമുന്‍പും വളരെ അശ്രദ്ധമായ രീതിയില്‍ ജോമോന്‍ വാഹനമോടിക്കുന്നത് കണ്ടിട്ടുണ്ട്. ജോമോന്‍ ഉറങ്ങിപ്പോയതാണ് മരണകാരണമെന്നും ബസില്‍ തന്നെയുള്ള പലരും പറയുന്നു.