ശമ്പളമില്ല; കൊല്ലം ജില്ലയിൽ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ

single-img
12 July 2024

ശമ്പളം വൈകുന്നതിൽ പ്രതിഷേധമായി കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള റഫറൻസ് ട്രിപ്പുകൾ എടുക്കാതെയാണ് ജീവനക്കാർ സമരം നടത്തുന്നത്.

ഇതോടുകൂടി ജില്ലയിൽ റഫറൻസ് ട്രിപ്പുകൾക്ക് പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ജനത്തിന്. ഈ മാസം 15 ന് മുമ്പ് ശമ്പളം ലഭിച്ചില്ല എങ്കിൽ 16 മുതൽ ശമ്പളം ലഭിക്കുന്നത് വരെ സംസ്ഥാന വ്യാപകമായി റഫറൻസ് കേസുകൾ ഒഴിവാക്കി സമരം നടത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

കഴിഞ്ഞ മാസത്തെ ശമ്പളം പതിനൊന്നാം തിയ്യതി ആയിട്ടും ലഭിക്കാതെ വന്നതോടെയാണ് കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ റഫറൻസ് ട്രിപ്പുകൾ ഒഴിവാക്കി സമരം ആരംഭിച്ചത്. കഴിഞ്ഞ മാസവും ശമ്പളം ലഭിക്കാൻ വൈകിയപ്പോൾ ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തിയിരുന്നു.

പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് 80 കോടിയിലേറെ രൂപ കുടിശികയുണ്ട് എന്നതാണ് ശമ്പളം ലഭിക്കാൻ കാലതാമസമായി പറയുന്നതെന്ന് ജീവനക്കാർ പറയുന്നു.

ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് പോയ സാമ്പത്തിക വർഷവും നടപ്പ് സാമ്പത്തിക വർഷവും 108 ആംബുലൻസ് പദ്ധതിക്ക് വേണ്ടി അനുവദിച്ച തുക കുടിശിക ആണ്. കരാർ കമ്പനിക്ക് സെപ്റ്റംബർ മുതലുള്ള ബിൽ തുക കുടിശിക ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫണ്ട് വന്ന ശേഷമേ ശമ്പളം നൽകാൻ കഴിയൂ എന്ന നിലപാട് കമ്പനി അധികൃതർ സ്വീകരിക്കുന്നത് എന്നും ജീവനക്കാർ ആരോപിക്കുന്നു. പല തവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും ഫലം കണ്ടില്ലെന്ന് ജീവനക്കാർ പറയുന്നു.