അമിത് ഷാ പങ്കെടുത്ത മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങിനിടെ സൂര്യാഘാതം; 11 പേര് മരിച്ചു

17 April 2023

മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ തുറസ്സായ സ്ഥലത്ത് ഇരുന്ന 11 പേർ സൂര്യാഘാതമേറ്റ് മരിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാൽ 50 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
നവി മുംബൈയിൽ നടന്ന പരിപാടിയിൽ പകൽ താപനില 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അമിത് ഷേക്ക് പുറമെ മുഖ്യമന്ത്രിയായ ഷിൻഡെയും ഉപ മുഖ്യമന്ത്രിയായ ഫഡ്‌നാവിസും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
നവി മുംബൈയിലെ വമ്പൻ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് സാമൂഹിക പ്രവർത്തകരുടെ അനുയായികൾ എത്തിയിരുന്നു. രാവിലെ 11.30ന് ആരംഭിച്ച അവാർഡ്ദാന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു. സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഷിൻഡെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.