മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരില്‍ ബിജെപി എംപിയുടെ കുടുംബത്തിലെ 12പേർ


അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരില്‍ ബിജെപി എംപിയുടെ കുടുംബത്തിലെ 12പേരും.
രാജ്‌കോട്ടില്‍ നിന്നുള്ള ബിജെപി എംപി മോഹന്‍ഭായ് കല്യാണ്ജി കുന്ദരിയയുടെ കുടുംബത്തിലെ 12പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ എംപിയുടെ അഞ്ച് മക്കളും ഉള്‍പ്പെട്ടു. ‘അപകടത്തില്‍ അഞ്ച് മക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. സഹോദരിയുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു’- മോഹന്‍ഭായ് കല്യാണ്ജി കുന്ദരിയ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും എംപി പറഞ്ഞു. ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുമെന്നും മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും എംപി പറഞ്ഞു.
മോര്‍ബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി ഉയര്‍ന്നു. പുഴയില്‍ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തിരച്ചില്‍ തുടരുകയാണ്. അതിനിടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. പാലം നിര്‍മിച്ച കമ്ബനിക്കെതിരെ കേസെടുക്കുകയും ചെയ്തു.
രാജ്യം നടുങ്ങിയ ദുരന്തത്തില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു . 500ഓളം പേര്‍ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ എത്രപേര്‍ വെള്ളത്തില്‍ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ഇതുവരെ ലഭ്യമല്ല. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് കരസേന നടത്തുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ രാത്രി തന്നെ ദുരന്ത മേഖലയില്‍ എത്തി. ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ റോഡ് ഷോ അടക്കം പരിപാടികളെല്ലാം മാറ്റി വച്ചു.