പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ അക്കൗണ്ടുകളില്‍ 120 കോടി രൂപ; നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫണ്ട് ശേഖരണമെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി ഇഡി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/09/ed1200-sixteen_nine-1024x576.jpg)
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടേയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളുടേയും അക്കൗണ്ടുകളില്‍ 120 കോടി രൂപയെത്തിയിട്ടുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫണ്ട് ശേഖരണമെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായും ഇഡി ലഖ്‌നൗവിലെ പ്രത്യേക പിഎംഎല്‍എ കോടതിയെ അറിയിച്ചു. പിഎഫ്‌ഐ നേതാവ് മുഹമ്മദ് ഷഫീഖ് പയേത്തിനെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇഡി കോടതിയെ ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം ജൂലൈ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌ന സന്ദര്‍ശനത്തിനിടെ ആക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ തീവ്രവാദ സംഘം രൂപീകരിക്കാന്‍ പോലും പദ്ധതിയിട്ടിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ആരോപിക്കുന്നു.
ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) മറ്റ് ഏജന്‍സികളും റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ പിഎഫ്‌ഐയ്‌ക്കെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
“സെപ്തംബര്‍ 22 ന് കോഴിക്കോടുള്ള ഫ്ലാറ്റില്‍ നിന്ന് പുലര്‍ച്ചെ 5.35-നാണ് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. ഏജന്‍സികള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുക, ഭീകരത പടര്‍ത്തുക, വര്‍ഗീയ കലാപം ഉണ്ടാക്കുക, ഒരു ഭീകരസംഘടന രൂപീകരിച്ച് മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ച് ഒരേസമയം നിരവധി പ്രധാന വ്യക്തികള്‍ക്കും സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം നടത്തുക, സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുക എന്നിവയ്ക്കായി പിഎഫ്‌ഐയും ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്,” അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
“120 കോടി രൂപയോളം വരുന്ന ഫണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെട്ടത്. ഇതില്‍ അതില്‍ 2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിലേക്ക് നയിച്ച അക്രമങ്ങള്‍, മതസൗഹാര്‍ദം തകര്‍ക്കുക വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പിഎഫ്‌ഐ അംഗങ്ങളുടെ ഹത്രാസിലേക്കുള്ള സന്ദര്‍ശനം, ഭീകരവാദികളുടെ സംഘം രൂപീകരിക്കുക, ഉത്തര്‍പ്രദേശിലെ പ്രമുഖ വ്യക്തികള്‍ക്കും സെന്‍സിറ്റീവ് സ്ഥലങ്ങള്‍ക്കും നേരെ ഒരേസമയം ആക്രമണം നടത്താന്‍ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുക, പ്രധാനമന്ത്രി പട്‌ന സന്ദര്‍ശന വേളയില്‍ ആക്രമണം നടത്തുന്നതിനായി പരിശീലന ക്യാമ്ബ് സംഘടിപ്പിക്കുക, രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയാകാന്‍ സാധ്യതയുള്ള ലഘുലേഘകള്‍ തയാറാക്കുക എന്നിവ ഉള്‍പ്പെടുന്നു,” റിമാന്‍ഡ് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
എന്‍ഐഎയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടന്ന രാജ്യവ്യാപകമായ റെയ്ഡില്‍ നൂറിലധികം പിഎഫ്‌ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ പിഎഫ്‌ഐ ചെയര്‍മാന്‍ ഒ എം എ സലാമും ഉള്‍പ്പെടുന്നു. എന്‍ഐഎ, ഇഡി, സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ ഒരേ സമയം 15 സംസ്ഥാനങ്ങളിലാണ് തിരച്ചില്‍ നടന്നത്.