സിബിഐയുടെയും ഇഡിയുടെയും ഏകപക്ഷീയമായ ഉപയോഗിക്കുന്നു; കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു
സിബിഐയുടെയും ഇഡിയുടെയും ഏകപക്ഷീയമായ ഉപയോഗത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു. കോൺഗ്രസ്, ആം ആദ്മി പാർട്ടി, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നിവയുൾപ്പെടെ 14 രാഷ്ട്രീയ പാർട്ടികൾ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാക്കളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്നതിനാൽ അറസ്റ്റിന് മുമ്പും ശേഷവും സി.ബി.ഐ.ക്കും ഇ.ഡിക്കും അറസ്റ്റിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഏപ്രിൽ 5 ന് ഹർജി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി സമ്മതിച്ചു.
അതേസമയം രാഹുൽ ഗാന്ധിക്കെതിരായ കേസ് കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് ദേശീയ നേതിര്ത്വത്തിനു ഗുരുതരമായ വീഴ്ച ഉണ്ടായി എന്ന ആരോപണം ശക്തമാകുന്നതിനിടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നല്കാൻ ധാരണ. കൂടാതെ കേസിന്റെ മേല്നോട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ തെറ്റുകൾ മൂടിവയ്ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.