തുർക്കി ഭൂകമ്പം: 17കാരിയായ പെൺകുട്ടിയെ 248 മണിക്കൂറിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി
തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായി 248 മണിക്കൂറുകൾക്ക് ശേഷം, തെക്കൻ സെൻട്രൽ പ്രവിശ്യയായ കഹ്‌റാമൻമാരസിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 17 വയസ്സുള്ള പെൺകുട്ടിയെ അധികൃതർ രക്ഷപ്പെടുത്തിയതായി സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ ടിആർടി ഹേബർ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് വൻ നാശവും ജീവഹാനിയും ഉണ്ടാക്കിയ ഭൂകമ്പത്തിന് 10 ദിവസത്തിന് ശേഷവും രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്. തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (എഎഫ്‌എഡി) പ്രകാരം തുർക്കിയിലെ മരണസംഖ്യ 36,187 ആയി ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രാരംഭ ഭൂചലനത്തിന് ശേഷം 4,300-ലധികം തുടർചലനങ്ങൾ ദുരന്തമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഫെബ്രുവരി ആറിന്, മധ്യ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ വലിയ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.6, 6.0 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി തുർക്കിയിൽ ഉണ്ടായി. 100 വർഷത്തിനിടെ യൂറോപ്പിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വൻ ഭൂകമ്പമെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പറഞ്ഞു.