ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേല്‍ അമ്മ അബദ്ധത്തില്‍ മറിഞ്ഞു വീണ് പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ലക്നൗ: ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേല്‍ അമ്മ അബദ്ധത്തില്‍ മറിഞ്ഞു വീണ് പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ ഗജ്റൗള പ്രദേശത്താണ് സംഭവം. അച്ഛനും അമ്മയും കുഞ്ഞും ഒരേ കട്ടിലിലാണ് ഉറങ്ങാന്‍ കിടന്നത്. ശനിയാഴ്ച രാവിലെ കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം കുട്ടിയുടെ പിതാവായ വിശാല്‍ കുമാര്‍ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തി. ഭാര്യ കാജല്‍ ദേവി മനപൂര്‍വ്വം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിശാല്‍ കുമാര്‍ ആരോപിച്ചു. എന്നാല്‍ കാജല്‍ ദേവി ആരോപണങ്ങള്‍ നിഷേധിച്ചു. അപകടമാണെന്ന് ഇവര്‍ പറയുന്നു. ‘എപ്പോഴാണ്, എത്ര സമയമാണ് കുഞ്ഞിന് മേല്‍ കയറിക്കിടന്നതെന്നോ
എപ്പോഴാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചത് എന്നോ എനിക്കറിയില്ല.’ കാജല്‍ ദേവി പറഞ്ഞു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കുഞ്ഞ് മരിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ”എട്ട് വര്‍ഷം മുമ്ബാണ് ഇവര്‍ വിവാഹിതരായത്. മൂന്ന് ആണ്‍മക്കളുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ് മരിച്ചത്. ഒരേ കിടക്കയില്‍ മാതാപിതാക്കള്‍ക്ക് നടുവിലാണ് കുട്ടി കിടന്നുറങ്ങിയിരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അമ്മക്കെതിരെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിലാണ്. പിതാവ് ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കും.” എസ് എച്ച് ഒ അരിഹന്ദ് സിദ്ധാര്‍ത്ഥ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു