കോഴിക്കോട് വിമാനത്താവളത്തിൽ കുഞ്ഞുടുപ്പുകളില്‍ നിന്ന് 195 ‘സ്വര്‍ണ്ണ ബട്ടണുകള്‍

single-img
4 November 2022

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളില്‍ നിന്ന് 195 ‘സ്വര്‍ണ്ണ ബട്ടണുകള്‍’, വിമാനത്തിലെ ശുചിമുറിയില്‍ നിന്നു സ്വര്‍ണമിശ്രിതപ്പൊതി എന്നിവ കണ്ടെടുത്തു.

കുട്ടികളുടെ വസ്ത്രങ്ങളില്‍ ബട്ടണ്‍ എന്നു തോന്നും വിധത്തില്‍ വെള്ളി നിറം പൂശിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഫയാസ് അഹമ്മദ് റാണ (26) ആണ് കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. 349 ഗ്രാം ബട്ടണുകള്‍ക്ക് 17.76 ലക്ഷം രൂപ വില വരും. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.

ഷാര്‍ജയില്‍നിന്ന് എത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍നിന്ന് 69.32 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും പിടികൂടി. ശുചീകരണത്തൊഴിലാളികളാണ് സ്വര്‍ണ്ണ മിശ്രിതപ്പൊതി കണ്ടത്. ഉടന്‍ കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. 1.6 കിലോഗ്രാം മിശ്രിതത്തില്‍നിന്ന് 1.362 കിലോഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.