നൽകിയത് 2000 രൂപ നോട്ട്; വാഹനത്തിൽ നിന്ന് ഇന്ധനം തിരികെ ഊറ്റിയെടുത്ത് പെട്രോൾ പമ്പ് ജീവനക്കാരൻ

single-img
23 May 2023

2000 രൂപയുടെ നോട്ടുകൾ രാജ്യത്തെ വിപണിയിൽ നിന്നും പിൻവലിക്കാൻ പോകുന്നുവെന്ന ആർ ബി ഐ പ്രഖ്യാപനം വന്നതോടെ ഇവ മാറിയെടുക്കാനുള്ള ഓട്ടത്തിലാണ് ജനങ്ങൾ. പലയിടങ്ങളിലും 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ലെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരികയുണ്ടായി . ഇപ്പോഴിതാ അത്തരത്തിൽ പെട്രോൾ പമ്പിൽ നിന്നുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്.

പെട്രോൾ അടിച്ച ശേഷം നൽകിയ 2000 രൂപ നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതോടെ ജീവനക്കാരൻ ഇന്ധനം തിരികെ ഊറ്റിയെടുക്കുകയായിരുന്നു. യുപിയിലെ ജലൗണിലുള്ള പെട്രോൾ പമ്പിൽ നിന്നുള്ളതാണ് വീഡിയോ. ഇവിടെയുള്ള ജീവനക്കാരൻ ഉപഭോക്താവിന്റെ സ്‌കൂട്ടറിലെ ടാങ്കറിൽ നിന്ന് ഇന്ധനം ഊറ്റിയെടുക്കുകയായിരുന്നു.

വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം ഉടമ 2000 രൂപയുടെ നോട്ട് നൽകി. പക്ഷെ ജീവനക്കാരൻ നോട്ട് നിരസിക്കുകയും മറ്റേതെങ്കിലും നോട്ട് തുക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ഇന്ധനം ഊറ്റിയെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

ആവശ്യത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജീവനക്കാരൻ സ്കൂട്ടറിന്റെ ടാങ്കറിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് പെട്രോൾ ഊറ്റിയെടുത്തതെന്ന് സംഭവത്തിന് ശേഷം പെട്രോൾ പമ്പ് മാനേജർ രാജീവ് ഗിർഹോത്ര പ്രതികരിച്ചു. റിസർവ് ബാങ്കിന്റെ ഉത്തരവിന് ശേഷം 2000 രൂപ നോട്ടുകൾ എല്ലാവരും ചിലവഴിക്കുകയാണ്. ഏറ്റവും കൂടുതൽ വരുന്നത് പെട്രോൾ പമ്പുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

“ആളുകൾ 1,950 രൂപയ്ക്ക് പകരമായി 2,000 രൂപ വാഗ്ദാനം ചെയ്യുന്നു. നേരത്തെ, ഞങ്ങൾക്ക് മൂന്നോ,നാലോ 2000 രൂപ നോട്ടുകളാണ് ലഭിച്ചിരുന്നത്, ഇപ്പോൾ അത് പ്രതിദിനം 70 നോട്ടുകളായി വർദ്ധിച്ചു. 2000 രൂപയ്ക്കോ അതിന് മുകളിലോ പെട്രോൾ വാങ്ങിയാൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല,” ഗിർഹോത്ര പറഞ്ഞു.