2008-ലെ മാലേഗാവ് സ്‌ഫോടനക്കേസ്: മറ്റൊരു സാക്ഷി കൂടെ കൂറുമാറി
ബിജെപി എംപിയായ പ്രജ്ഞാ താക്കൂർ ഉൾപ്പെട്ട 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിൽ ഒരു സാക്ഷി കൂടെ കൂറുമാറി. ആദ്യം കേസ് അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വഡിന് 2008 ൽ മൊഴി നൽകിയ സാക്ഷിയായിരുന്നു ഇത്. ഇതോടെ കൂറ് മാറുന്ന സാക്ഷികളുടെ എണ്ണം 30 ആയി.
രഹസ്യ വിവരങ്ങൾ നൽകാനായി കേസിലെ പ്രതികളിലൊരാളായ ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതാണ് സാക്ഷിയെ റിക്രൂട്ട് ചെയ്തത്. ഒരു സാധാരണ പരിചയക്കാരൻ വഴിയാണ് താൻ പുരോഹിതിനെ കണ്ടതെന്നും അവർ ബന്ധപ്പെട്ടുകൊണ്ടിരുന്നെന്നും സാക്ഷി എടിഎസിനോട് പറഞ്ഞതായി പ്രോസിക്യൂഷൻ അവകാശപ്പെട്ടു. എന്നാൽ കോടതി മുമ്പാകെ മൊഴി നൽകുന്നതിനിടെ, അന്വേഷണ ഏജൻസിക്ക് മൊഴിയൊന്നും നൽകിയതായി ഓർമ്മ ഇല്ല എന്നാണ് സാക്ഷി പറഞ്ഞത്. തുടർന്ന് കോടതി സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചു.
ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ച പുരോഹിത്, ആ രീതിയിൽ ഒരു സംഘടന കെട്ടിപ്പടുക്കാൻ താൻ പ്രവർത്തിക്കുന്നുണ്ടെന്ന് തന്നോട് പറഞ്ഞതായി സാക്ഷിയെ ഉദ്ധരിച്ച് എടിഎസ് പറഞ്ഞിരുന്നു. പൂനെയിൽ നടന്ന അഭിനവ് ഭാരത് എന്ന രഹസ്യ സംഘടനയുടെ യോഗത്തിലും സാക്ഷി പങ്കെടുത്തിരുന്നു, അവിടെ മറ്റ് പ്രതികളും ഉണ്ടായിരുന്നു എന്നും മൊഴി നൽകിയിരുന്നു. എന്നാൽ സാക്ഷി വ്യാഴാഴ്ച കോടതിയിൽ പുരോഹിതിനെ മാത്രം തിരിച്ചറിഞ്ഞു, മറ്റ് പ്രതികളെ തിരിച്ചറിഞ്ഞില്ല.
2008 സെപ്തംബർ 29 ന് മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ സ്ഫോടകവസ്തു ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്താ വിഷയത്തിലാണ് ബിജെപി എംപിയായ പ്രജ്ഞാ താക്കൂർ ഉൾപ്പെട്ട പ്രതികൾ വിചാരണ നേരിടുന്നത്.