സ്‌കൂട്ടറില്‍ കറങ്ങി മയക്കുമരുന്ന് വിൽപ്പന; കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി പിടിയില്‍
കൊച്ചിയില്‍ കൈവശം ലഹരിമരുന്നായ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്‌സൈസ് പിടിയില്‍. കൊല്ലം ജില്ലയിൽ നിന്നുള്ള ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. നഗരത്തിൽ അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
നോർത്ത് എസ്ആർഎം റോഡ്, മെഡോസ് വട്ടോളി ടവേഴ്‌സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് പെൺകുട്ടി പിടിയിലായത്. വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 1.962 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
രാത്രിസമയം സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്. ഈ രീതിയിൽ വേറെയും യുവതികളുണ്ടോ എന്നും സംശയമുണ്ട്. ഇതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ ഇടപാടെല്ലാം ഇൻസ്റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. ഇൻസ്റ്റഗ്രാം വഴി മെസേജ് ചെയ്ത് ലഹരിക്കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവർ നെറ്റ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ യുവതിയുടെ ഫോണടക്കം ഇനി കണ്ടത്തേണ്ടതുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.