മണിപ്പൂ‍ര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു

single-img
10 August 2023

ദില്ലി : മണിപ്പൂ‍ര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ ‘കൊല’ എന്ന വാക്ക് നീക്കി. പ്രസംഗത്തിൽ ഉടനീളം കൊലപാതകം എന്ന വാക്ക് രാഹുൽ ഉപയോഗിച്ചിരുന്നു. പലയിടത്ത് നിന്നും ഇത് നീക്കി. ബിജെപി നേതാക്കൾ രാജ്യദ്രോഹികൾ ആണെന്ന വാചകത്തിലെ ‘രാജ്യദ്രോഹികൾ’ എന്ന വാക്കും ഒഴിവാക്കി. പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്ന വാക്കും നീക്കി. 

പാർലമെന്‍റിൽ മണിപ്പൂരിനായുള്ള അവിശ്വാസ പ്രമേയത്തില്‍ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഏറ്റുമുട്ടി. തന്‍റെ പ്രസംഗം അദാനിയെ കുറിച്ചാണോയെന്ന ഭയം ബിജെപി നേതാക്കൾക്ക് വേണ്ടെന്ന പരിഹാസത്തോടെയാണ് രാഹുൽ ഗാന്ധി അവിശ്വസ പ്രമേയത്തിലെ പ്രസംഗം തുടങ്ങിയത്. ബിജെപിയുടെ രാഷ്ട്രീയം മണിപ്പൂരിനെ മാത്രമല്ല ഹിന്ദുസ്ഥാനെ തന്നെയാണ് കൊലചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാവണൻ മേഘനാഥനെയും കുംഭകർണനെയും മാത്രമാണ് കേട്ടിരുന്നത്. അതുപോലെ മോദിയും അമിത് ഷായേയും അദാനിയേയും മാത്രമേ കേള്‍ക്കുന്നുള്ളുവെന്നും രാഹുല്‍ പരിഹസിച്ചു. മണിപ്പൂരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണെന്നും മോദി ഒരു തവണ പോലും മണിപ്പൂര്‍ സന്ദർശിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു. ഇതിന് പിന്നാലെയാണ് സുപ്രധാന പ്രസംഗത്തിലെ പ്രധാന വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കിയത്.