തിരുവനന്തപുരം വിളവൂർക്കലിൽ ഇന്ന് തെരുവുനായയുടെ കടിയേറ്റത് 25 പേർക്ക്
തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കലിൽ ഇന്ന് 25 പേർക്ക് തെരുവുനായയുടെ കടിയേറ്റു. കൂടുതലായി തെരുവുനായ ശല്യം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമായ വിളവൂർക്കൽ പഞ്ചായത്തിൽ പത്തു വയസുള്ള കുട്ടിയെ ഉൾപ്പടെയാണ് തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്.
ഇതിനു സമീപമുള്ള ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് പ്രദേശവാസികൾക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. കടയിലേയ്ക്ക് പോയ സ്തീകൾ, കുളിക്കാനായി കുളക്കടവിലേയ്ക്ക് പോയവർ, ടാക്സി ഡ്രൈവർ, ജോലി കഴിഞ്ഞശേഷം തിരികെ മടങ്ങിയവർ എന്നിവരുൾപ്പെടെ പെടുന്നു.
കടിയേറ്റ 25 പേരെയും ഒരേ നായ തന്നെ കടിച്ചതായാണ് പറയപ്പെടുന്നത്. പരിക്കേറ്റവരെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ വാക്സിനേഷനും നൽകി. നിലവിൽ പരിക്കേറ്റവരും നായയും കർശന നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിക്കുന്നു.