ശ്രുതിയുടെ ചികിത്സയ്ക്ക് 3 ലക്ഷം രൂപ നൽകും; സ്വാന്തനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

single-img
24 September 2024

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയനാട് ദുരന്ത ബാധിതയായ ശ്രുതിക്ക് സഹായ സ്വാന്തനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ശ്രുതിയുടെ ചികിത്സയ്ക്ക് വേണ്ടി മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോജിന്‍ പി ജോയ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷം തുക ശ്രുതിക്ക് സംഘടനാ കൈമാറും. ശ്രുതി ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് ആവശ്യമായ ഫര്‍ണ്ണിച്ചര്‍ ഉൾപ്പെടെയുള്ളവ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എത്തിക്കാന്‍ തയ്യാറാണെന്നും സംഘടന അറിയിച്ചു.

അതേസമയം, ശ്രുതിക്ക് ആറ് മാസത്തെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നേരത്തെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മാസം 15,000 രൂപ വീതം നല്‍കാമെന്നാണ് രാഹുല്‍ അറിയിച്ചത്. വയനാട്ടിലെ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തിലായിരുന്നു ശ്രുതിക്കും പ്രതിശ്രുത വരന്‍ ജെന്‍സനും അടക്കം പരിക്കേറ്റത്.

ഇവര്‍ സഞ്ചരിച്ച വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ജെന്‍സണിന്റെ ഒപ്പം മുന്‍ സീറ്റിലായിരുന്നു ശ്രുതി ഇരുന്നിരുന്നത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജെന്‍സന്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ശ്രുതിയുടെ രണ്ട് കാലിലും ഫ്രാക്ച്ചര്‍ ഉള്ളതിനാല്‍ നടക്കാന്‍ സാധിക്കില്ല.