സംഘർഷം നിയന്ത്രിക്കാൻ നിയോഗിച്ചവർ ഇറച്ചിക്കടക്ക് തീയിട്ടു; മണിപ്പൂരിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു
ആഭ്യന്തര സംഘർഷം വീണ്ടും തല ഉയർത്തിയ മണിപ്പൂരിലെ ഇംഫാലിൽ സംഘർഷം നിയന്ത്രിക്കാൻ വിന്യസിച്ച മൂന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ മണിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഒരു ഇറച്ചിക്കട കത്തിച്ചുവെന്നാരോപിച്ച് സോംദേവ് ആര്യ, കുൽദീപ് സിംഗ്, പ്രദീപ് കുമാർ എന്നിവരെയായാണ് അടിയന്തിരമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
സംസ്ഥാനത്തെ രണ്ട് സമുദായങ്ങളായ മെയ്തീസ്, കുക്കി ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് സംഭവം നടന്നത്. ഇവിടേക്ക് പ്രദേശവാസിക്കൊപ്പം കാറിലെത്തിയ ഇവർ ഇംഫാലിലെ ഇറച്ചിക്കടക്ക് തീവെക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരോട് മണിപ്പൂരിലെ ബറ്റാലിയൻ ആസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ ഇവർ ബോധപൂർവ്വം കടക്ക് തീവെച്ചതാണ് എന്ന് ബോധ്യപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ.
സംഭവത്തെത്തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ഇംഫാൽ ഈസ്റ്റ് പോലീസ് ആർഎഎഫ് ഉദ്യോഗസ്ഥരെ പിടികൂടുകയായിരുന്നു. തുടർനടപടികൾക്കായി ഇവർ ഇപ്പോൾ പോറമ്പാട്ട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.
ഇറച്ചിക്കട ജോൺസൺ കമേയിയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും നിലവിൽ മയാങ് ഇംഫാലിൽ നിന്നുള്ള എംഡി ഹബീബുർ റഹ്മാന് വാടകയ്‌ക്കെടുത്തിരിക്കുകയാണ്. തീയിട്ടതിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോൾ വ്യക്തമല്ല.
എന്നാൽ, മൂന്നുപേരും കടക്ക് തീയിട്ട കാര്യം നിഷേധിച്ചു. ഇറച്ചി കടയിലേക്ക് തീ പടർന്നപ്പോൾ കൊതുകുനിവാരണ മരുന്നുകൾ കത്തിക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി (സിഒഎഎസ്) ജനറൽ മനോജ് പാണ്ഡെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഉച്ചയോടെ മണിപ്പൂരിലെത്തി.