റെക്കോർഡ് വരുമാനം; ശബരിമലയിൽ ലഭിച്ചത് 301 കോടി രൂപ

single-img
13 January 2023

ഈ സീസണിൽ ശബരിമലയിൽ റെക്കോർഡ് വരുമാനം ലഭിച്ചതായി കണക്കുകൾ. വ്യാഴാഴ്‌ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. പുറമെ അപ്പം, അരവണ വിൽപ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു.

നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണമേർപ്പെടുത്തിയ കഴിഞ്ഞ രണ്ടു സീസണിലും വരുമാനം കുറവായിരുന്നു. ഇതുവരെയുള്ള റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. അതേസമയം, ശബരിമലയിൽ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സന്നിധാനത്തിന് ചുറ്റും പർണ്ണശാലകൾ ഉയർന്നു കഴിഞ്ഞു.

ഇതിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ 11 മണിക്ക് ശേഷം പമ്പയിൽ നിന്നുള്ള ഭക്തരുടെ പ്രവേശനം തടയും. കഴിഞ്ഞ ദിവസം മുതൽ എത്തി തുടങ്ങിയ ഭക്തരിൽ പകുതിയും മലയിറങ്ങിയിട്ടില്ല. ഇന്ന് മാത്രം 90,000 പേരാണ് വിർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിരിക്കുന്നത്. ഇന്നും നാളെയും സ്പോട്ട് ബുക്കിംഗ് ഇല്ല. നാളെ ഉച്ചക്ക് 12 മണി വരെ മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക.