മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; ലണ്ടനിൽ മാത്രം ചിലവഴിച്ചത് 43.14 ലക്ഷം രൂപ
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ലണ്ടനിൽ മാത്രം ചെലവായത് 43.14 ലക്ഷം രൂപയെന്നു വിവരാവകാശ രേഖ. ലണ്ടനിൽ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി മാത്രം ചിലവായ രൂപയാണ് ഇത്.
ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, വീണാ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമൻ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്.
സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സർക്കാർ ലണ്ടൻ ഹൈക്കമ്മിഷനു തുക മടക്കി നൽകുകയായിരുന്നു.