എട്ട് ദിവസത്തിനുള്ളിൽ 50 കോടി ക്ലബിൽ കയറി നേര്
മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര് ആഗോള തലത്തിൽ 50 കോടി രൂപ നേടിയിരിക്കുകയാണ് . റിലീസ് ചെയ്ത് കേവലം എട്ട് ദിവസത്തിനുള്ളിലാണ് നേര് ഈ നേട്ടത്തിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിന്റെ ആ നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. പ്രേക്ഷകർക്കും ഒപ്പമുണ്ടായ എല്ലാവർക്കും ലാൽ നന്ദി പറയുന്നു.
തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് നേര്. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം ഇത്ര വേഗം വലിയ ഹിറ്റിലേക്ക് നീങ്ങിയതിൽ ആരാധകർ ആവേശത്തിലാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.