50-ാം ദിവസവും പ്രദര്‍ശനം 20 രാജ്യങ്ങളില്‍; റെക്കോർഡിട്ട് പഠാന്‍

single-img
15 March 2023

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷമുള്ള ബോളിവുഡിന്‍റെയും തിരിച്ചുവരവ് ചിത്രമായി മാറി. ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഇതിനകം നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന പഠാന്‍.

ജനുവരി 25 ന് ലോകമമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ന് 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 50 ദിനങ്ങളില്‍ എത്തുമ്ബോഴും ചിത്രം മികച്ച സ്ക്രീന്‍ കൗണ്ടിലാണ് പ്രദര്‍ശനം തുടരുന്നത് എന്നത് ഈ ചിത്രം നേടിയെടുത്ത ജനപ്രീതി എത്രയെന്നതിന് തെളിവാകുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്ക്രീനുകളിലും. ലോകമാകെ 8000 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

ഇന്ത്യന്‍ കളക്ഷനില്‍ 520 കോടിയിലധികമാണ് പഠാന്‍ ഹിന്ദി പതിപ്പിന്‍റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാന്‍റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.