ജിയോ 5ജി സേവനം കേരളത്തിലുമെത്തി; മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു
20 December 2022
നീണ്ടനാളത്തെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് 5ജി സേവനം കേരളത്തിലുമെത്തി . ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് റിലയൻസ് ജിയോ 5ജി സേവനം ലഭ്യമാക്കുന്നത്.
ഇന്ന് വൈകിട്ട് 6.30ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്തു.
5ജി കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാച മുതൽ തിരുവനന്തപുരത്തും അടുത്ത മാസം മുതൽ കോഴിക്കോടും മലപ്പുറത്തും സേവനം ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 5ജി സേവനം ലഭ്യമാക്കിയിരുന്നു. കടവന്ത്ര,അങ്കമാലി എന്നിവിടങ്ങളിൽ എയർടെൽ,ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്നൽ ലഭ്യമായതായി റിപ്പോർട്ടുകളുണ്ട്.