പിഎസ്‍സി വഴി നിയമനം ലഭിച്ചിട്ടും പിരിച്ചുവിടപെട്ട 67 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്
പിഎസ്‍സി വഴി നിയമനം ലഭിച്ചിട്ടും പിരിച്ചുവിടപെട്ട 67 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്.
ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകരാണ് തസ്തിക പുനര്‍ നിര്‍ണയത്തിന്‍റെ പേരില്‍ പുറത്തായത്. ഒഴിവുകള്‍ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ നിയമനം നല്‍കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എങ്കിലും അധ്യാപകര്‍ കടുത്ത ആശങ്കയിലാണ്.
ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി രാജി വച്ച് മെച്ചപ്പെട്ട ശമ്ബളം പ്രതീക്ഷിച്ച് സ്വപ്നമായ ഹയര്‍ സെക്കന്‍ഡറി അധ്യാപക ജോലിയില്‍ കയറിയവരാണ് വഴിയാധാരമായത്. നിയമനം ലഭിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒഴിവില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇവരെ കൂട്ടമായി പിരിച്ചുവിട്ടത്. 2017ലെ വിജ്ഞാപനം അനുസരിച്ച് 2018ലെ പരീക്ഷയില്‍ മുന്നിലെത്തി 2019ലെ റാങ്ക് ലിസ്റ്റില്‍ നിന്ന് 2021ല്‍ സ്ഥിര നിയമനം കിട്ടിയവര്‍ക്കാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിചിത്ര ഉത്തരവിലൂടെ ജോലി പോയത്. കഴിഞ്ഞമാസം 31 നാണ് ഇവരെ പിരിച്ചുവിട്ടത്. .
നീതി തേടി സെക്രട്ടേറിയറ്റിനു മുന്നില്‍ ഈസ്റ്റര്‍ ദിനത്തില്‍ യാചക സമരം നടത്തേണ്ട ഗതികേടിലായി അധ്യാപകര്‍. തസ്തിക പുനര്‍നിര്‍ണയത്തിന്‍റെ ഭാഗമായി സീനിയര്‍ അധ്യാപകര്‍ ആഴ്ചയിലെടുക്കേണ്ട ക്ലാസ് 24ല്‍ നിന്ന് 25 ആക്കിയിരുന്നു. ഇതോടെ ജൂനിയേഴ്സ് എടുക്കേണ്ട ക്ലാസുകള്‍ ഏഴില്‍ നിന്ന് ആറായി കുറഞ്ഞു. ഇതാണ് 67 അധ്യാപകര്‍ വിദ്യാഭ്യാസവകുപ്പിന് അധികപ്പറ്റാകാന്‍ കാരണം. +1, +2 പരീക്ഷാ ഡ്യൂട്ടി കൂടി ചെയ്ത അധ്യാപകരാണ് തൊഴില്‍ തിരിച്ചു കിട്ടാന്‍ തെരുവിലിറങ്ങിയത്.
സമാന സാഹചര്യമുള്ളപ്പോള്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് കിട്ടിയ തൊഴില്‍ സംരക്ഷണം സര്‍ക്കാര്‍ സ്കൂളുകളിലും വേണമെന്നാണ് ഇവരുടെ ആവശ്യം. അധ്യാപകരുടെ പുനര്‍ വിന്യാസം മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. ജോലിയുള്ളവരെ പിരിച്ചുവിട്ടിട്ട് ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് പുതിയ റാങ്ക് പട്ടിക പുറത്തിറക്കിയത് പ്രഹസനമാണെന്നും ഈ അധ്യാപകര്‍ പറയുന്നു.