അടുത്തകാലത്ത് ടാറിട്ട 148 റോഡുകളിൽ 67 എണ്ണത്തിലും കുഴിവീണു
അടുത്തകാലത്ത് ടാറിട്ട 148 റോഡുകളിൽ 67 എണ്ണത്തിൽ കുഴി വീണുതുടങ്ങിയാതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. റോഡു നിർമ്മാണത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തുന്ന ‘ഓപ്പറേഷൻ സരൾ രാസ്ത’യുടെ മൂന്നാംഘട്ടപരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
തദ്ദേശസ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്തിന്റെ 24 റോഡുകളും കെ.എസ്.ടി.പി.യുടെ ഒമ്പതുറോഡുകളും ആണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതിൽ 19 റോഡുകളിൽ കുറഞ്ഞ അളവിലാണ് ടാറുപയോഗിച്ചത് എന്നാണ് വിജിലൻസ് കണ്ടെത്തിയത്. ആദ്യഘട്ടപരിശോധനയിൽ ശേഖരിച്ച 107 റോഡുകളുടെ സാംപിൾ പരിശോധനാ റിപ്പോർട്ടുകൾ ഈമാസം ലഭിക്കുമെന്നും, അത് പ്രകാരം നടപടിയുണ്ടാകും എന്നും വിജിലൻസ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നും തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ രണ്ടും, പത്തനംതിട്ട, എറണാകുളം, കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒന്നുംവീതം റോഡുകൾ മതിയായ ടാറില്ലാതെയാണ് നിർമിച്ചത്. കൊല്ലം ജില്ലയിലെ ഒരുറോഡ് നിർമിച്ചപ്പോൾ ആവശ്യത്തിന് റോഡ് റോളർ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതുകൊണ്ടു തന്നെ മാസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് നശിച്ചു എന്നും വിജിലൻസ് കണ്ടെത്തി.
കരാറിൽ നിഷ്കർഷിച്ചിട്ടുള്ള അനുപാതത്തിൽ ടാറും മെറ്റലും കണ്ടെത്തിയില്ലെങ്കിൽ കരാറുകാർക്കും മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയുണ്ടാകും. റോഡുനിർമാണത്തിലെ അഴിമതിയെക്കുറിച്ച് വിവരം ലഭിച്ചാൽ പൊതുജനങ്ങൾക്ക് വിജിലൻസിനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.