ഒരു കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് പിന്നിൽ ഇടിച്ചത് 7 വാഹനങ്ങൾ
യുപിയിലെ ഹർദോയ് ജില്ലയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് പിന്നിൽ കാർ നിയന്ത്രണം വിട്ട് വാഹന നിരയിൽ ഇടിക്കുച്ചുവെന്ന് പോലീസ് പറഞ്ഞു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനത്തെയും ബാധിച്ചിട്ടില്ലെന്നും യാദവിനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരിക്ക് നിസാരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. “ഇത് പെട്ടെന്ന് സംഭവിച്ചു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏഴ്-എട്ട് കാറുകളാണ് അപകടത്തിൽ പെട്ടത്,” പരിക്കേറ്റ മൂന്ന് പേരിൽ ഒരാളായ നസീം ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെ ഫർഹത്ത് നഗറിന് തൊട്ടുപിന്നാലെ എക്‌സ്പ്രസ് വേയിൽ നടന്ന അപകടത്തിൽ ഏഴിലധികം കാറുകൾ തകർന്നു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് പിന്നിൽ വാഹനങ്ങൾ അതിവേഗം ഓടുകയായിരുന്നു. അവയിലൊന്ന് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്ന് ഹർദോയ് പോലീസ് ഓഫീസർ അനിൽ കുമാർ യാദവ് പറഞ്ഞു.