ദീപാവലി; തമിഴ്‌നാട്ടില്‍ മൂന്ന് ദിവസം കൊണ്ട് വിറ്റത് 729 കോടിയുടെ മദ്യം

single-img
27 October 2022

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നുമാത്രം മൂന്ന് ദിവസം കൊണ്ടു വിറ്റത് 729 കോടിയുടെ മദ്യം. ഇതിൽ ദീപാവലി ദിവസമായിരുന്ന തിങ്കളാഴ്ച്ച മാത്രം 256 കോടിയുടെ മദ്യം വിറ്റെന്നാണ് റിപ്പോര്‍ട്ട്.

പക്ഷെ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ശരിയായ കണക്ക് പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ ലഭ്യമാകുന്ന കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നും യഥാര്‍ത്ഥ വില്‍പ്പനയോട് അടുത്ത കണക്കാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ മദ്യവില്‍പ്പനയുടെ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഞായറാഴ്ച്ചയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഏകദേശം 260 കോടി രൂപയുടെ മദ്യം ഞായറാഴ്ച്ച വില്‍പ്പന നടന്നിട്ടുണ്ട്. ശനിയാഴ്ച്ചയാവട്ടെ 205 കോടിയുടെ മദ്യവില്‍പ്പനയും നടന്നു.

മൂന്ന് ദിവസങ്ങളില്‍ തമിഴ്‌നാട്ടിൽ മധുരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. 45, 56, 55 കോടി എന്നിങ്ങനെയാണ് കണക്ക്. രണ്ടാം സ്ഥാനത്ത് സേലവും മൂന്നാമത് ചെന്നൈയുമാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് 435 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.