ക്രിമിനൽ അഭിഭാഷകനെ പറ്റിച്ച് ഓൺലൈൻ തട്ടിപ്പുകാർ തട്ടിയെടുത്തത് 93 ലക്ഷം രൂപ

single-img
29 July 2024

പ്രമുഖ ക്രിമിനൽ അഭിഭാഷകനായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അജിത് കുമാർ ഓണ്‍ലൈൻ തട്ടിപ്പ് ഇരയായി. 93 ലക്ഷം രൂപയാണ് ഓണ്‍ലൈൻ തട്ടിപ്പ് ശൃംഖല തട്ടിയെടുത്തത്. സൈബർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

ഓഹരി വിപണിയിൽ വ്യാപാരത്തിലൂടെ വമ്പൻ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ അനായാസമായി പണം തട്ടിയെടുത്തത്. സൈബർ കേസുകളിലടക്കം ഹാജരാകുന്ന അജിത് കുമാറിനെ കഴിഞ്ഞ ജൂണ് 21 മുതൽ ഈ മാസം 27 വരെയുള്ള കാലയളവിലാണ് വളരെ വിദഗ്ധമായി കബളിപ്പിച്ചത്. കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികളടക്കം ഹാജരാകുന്ന സീനിയർ അഭിഭാഷകനാണ് ശാസ്തമംഗലം അജിത് കുമാര്‍.

ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു കൊണ്ട് ഷെയർഖാൻ ക്ലബ് 88 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേര്‍ത്തു. പിന്നീട് ബ്ലോക്ക് ടൈഗൈഴ്സ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു.പിന്നീട് ബന്ധപ്പെടുന്നത് മറ്റൊരാള്‍. രണ്ട് തവണയായി 5 ലക്ഷം രൂപ ഇടാൻ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു.

ഇതോടെയാണ് ശാസ്തമംഗലം അജിത് കുമാർ കൂടുതൽ പണം നൽകുന്നത്. പിന്നീട് പ്രതികളെ ബന്ധപ്പെടാൻ കഴിയാതായി. ലാഭം കാണിച്ചതെല്ലാം തട്ടിപ്പെന്ന് ബോധ്യപ്പെട്ടു. പിന്നാലെയാണ് സൈബർ പൊലീസിൽ പരാതി നല്‍കിയത്.