പീഡനത്തിന് ഇരയായ പതിനാറുകാരിയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു; മതപുരോഹിതന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: പീഡനത്തിന് ഇരയായ പതിനാറുകാരിയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ മതപുരോഹിതന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍.
പനവൂര്‍ സ്വദേശി അല്‍ അമീര്‍(23), മതപുരോഹിതന്‍ അന്‍സര്‍, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പനവൂരിലാണ് സംഭവം.
നാലു മാസം മുമ്ബ് പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതിയാണ് അല്‍ അമീര്‍. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമായി നാലുമാസം മുന്‍പ് മലപ്പുറത്തേക്ക് അല്‍ അമീര്‍ നാടുവിട്ടുപോയി. വീട്ടുകാര്‍ പരാതി നല്‍കിയതോടെ, അറസ്റ്റ് ഭയന്ന് ഇയാള്‍ പെണ്‍കുട്ടിയെ തിരിച്ചു വീട്ടിലാക്കി.
എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുന്‍ പരാതിയില്‍ പൊലീസ് ഇയാളെ നെടുമങ്ങാട്ടെ വീട്ടില്‍ നിന്ന് അറസ്റ്റുചെയ്തു. പിന്നീട് കേസ് നടക്കുന്നതിനിടെ ഈ മാസം 18ന് പ്രതിയെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
നാട്ടുകാരാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. കല്യാണം കഴിച്ചാല്‍ കേസ് അവസാനിക്കുമെന്ന് പ്രതി കരുതിയതായി പൊലീസ് പറയുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.