പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ ലഹരിവസ്തുക്കൾ നൽകി ബലാത്സംഗം ചെയ്തു; പ്രിൻസിപ്പലിനെതിരെ കേസെടുത്തതായി പോലീസ്

single-img
11 December 2022

മീററ്റിലെ ഒരു സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെതിരെ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ ലഹരിവസ്തുക്കൾ നൽകിയ ശേഷം ബലാത്സംഗം ചെയ്തതിന് കേസെടുത്തതായി പോലീസ് പറഞ്ഞു. നവംബർ 23ന് സ്‌കൂളിലെ ഒമ്പത് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ വൃന്ദാവനിലേക്ക് വിനോദയാത്രയ്ക്ക് കൊണ്ടുപോകുകയും വിദ്യാർത്ഥിനികൾക്ക് താമസിക്കാൻ ഹോട്ടലിൽ രണ്ട് മുറികൾ എടുത്ത് നൽകുകയും ചെയ്തിരുന്നു.

അതിൽ എട്ട് വിദ്യാർത്ഥികൾ ഒരു മുറിയിൽ താമസിച്ചു, മറ്റൊരു മുറിയിൽ, പ്രിൻസിപ്പൽ 11-ാം ക്ലാസ് വിദ്യാർത്ഥിനിയായ 17 വയസ്സുള്ള പെൺകുട്ടിക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്രിൻസിപ്പൽ വിദ്യാർത്ഥിനിയുടെ ഭക്ഷണത്തിൽ ലഹരി പദാർത്ഥങ്ങൾ കലർത്തി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാർത്ഥിനി ഇതിനെ എതിർത്തപ്പോൾ പരീക്ഷയിൽ തോൽപിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നവംബർ 24 ന് വിദ്യാർത്ഥികൾ അവരുടെ വീടുകളിലേക്ക് മടങ്ങി. തുടക്കത്തിൽ, പെൺകുട്ടി സംഭവത്തെക്കുറിച്ച് മൗനം പാലിച്ചുവെങ്കിലും പിന്നീട് സംഭവങ്ങൾ കുടുംബാംഗങ്ങളോട് പറഞ്ഞു.

പിന്നാലെ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച പ്രിൻസിപ്പലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒളിവിൽ പോയ പ്രിൻസിപ്പലിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.