മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു


ദില്ലി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി. അതിനിടെ, മണിപ്പൂരിൽ നിന്ന് കൂടുതൽ ലൈംഗികാതിക്രമ കൊലയുടെ വിവരം പുറത്ത് വരുകയാണ്. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പൂരിലെ ചൗബാൽ ജില്ലയിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ ക്രൂരതയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കാർഗിയില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍റെ ഭാര്യടക്കമുള്ള മൂന്ന് കുക്കി സ്ത്രീകളെയാണ് അക്രമികകള്‍ നഗ്നരാക്കിയത്. ഇതില്‍ രണ്ട് പേരെ നഗ്നാരാക്കി റോഡിലൂടെ നടത്തി. ഒരാളെ കൂട്ടബലാത്സഗം ചെയ്തുവെന്നാണ് പരാതി. മേയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വിഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് ആരോപിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഈ സൈനികൻ തന്‍റെ ഭാര്യ വിഷാദ രോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.
അതിനിടെ, മണിപ്പൂരിലെ മറ്റൊരു കൂട്ടബലാൽസംഗക്കേസിന്‍റെ വിവരങ്ങൾ കൂടി പുറത്ത് വന്നു. ഇംഫാലിൽ കാർവാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് 7 ന് കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു. തോബാലിൽ വ്യാപക സംഘർഷം നടന്നിരുന്നു. മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയതായും പ്രദേശവാസികൾ അറിയിച്ചു. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്രം നിർദേശം നൽകി. കൂട്ടബലാത്സംഗക്കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരിൽ രജിസ്റ്റർ ചെയ്ത 6000ത്തിലധികം കേസുകൾ കേന്ദ്രം പരിശോധിക്കും.