ഐഎസ്‌എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച 35കാരന്‍ അറസ്റ്റില്‍
കൊച്ചി: ഐഎസ്‌എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച 35കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിന്റെ ഇടവേളയില്‍ രാത്രി എട്ടരയോടെയാണ് കോട്ടയം സ്വദേശിയായ കഞ്ഞിക്കുഴി അരുണ്‍ എം തോമസ് പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയത്.
ഉദ്യോഗസ്ഥ ഇത് ചോദ്യം ചെയ്തപ്പോള്‍ അരുണ്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരിയുടെ കൈ വളച്ചൊടിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ട മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന്‍ അരുണിനെ പിടികൂടുകയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പാലാരിവട്ടം പൊലീസ് കേസ് എടുത്തു.
സാധാരണരീതിയില്‍ കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തുന്ന ആരാധകര്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാറില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. സ്ത്രീകള്‍ക്ക് യാതൊരു ഭയവുമില്ലാതെ ഫുട്‌ബോള്‍ മത്സരം കാണാന്‍ വരാമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഐഎസ്‌എല്‍ ഡ്യൂട്ടിയുടെ ഭാഗമായി കൂടുതല്‍ സമയം ഡ്യൂട്ടി ചെയ്യേണ്ടവരുന്നതില്‍ പൊലീസുകാര്‍ക്കിടയിലും അസംതൃപ്തിയുണ്ട്. 12 മണിക്കൂര്‍ നേരം ജോലി ചെയ്യേണ്ടിവരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.