കണ്ണൂരിൽ മദ്യലഹരിയിൽ 49കാരൻ കാർ റെയിൽവേ പാളത്തിലേക്ക് ഓടിച്ചുകയറ്റി
കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ 49കാരൻ കാർ റെയിൽവേ പാളത്തിലേക്ക് ഓടിച്ചുകയറ്റി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ട്രെയിൻ കടന്നുപോകാത്ത സമയമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ പൊലീസ് കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ജാമ്യത്തിൽ വിട്ടെങ്കിലും കാർ വിട്ടുകൊടുത്തില്ല. ജൂലൈ 18നാണ് സംഭവം. റെയിൽവേ ട്രാക്കിൽ മീറ്ററുകളോളം ഓടിച്ച ശേഷം കാർ കുടുങ്ങുകയായിരുന്നു. ഭാഗ്യവശാൽ, സംഭവം നടക്കുമ്പോൾ സ്ഥലത്ത് നിന്ന് ഒരു ട്രെയിനുകളൊന്നും കടന്നു പോകാനുണ്ടായിരുന്നില്ല.
റെയിൽവേ ട്രാക്കിൽ കാർ കുടുങ്ങിയ വിവരം റെയിൽവേ ഗേറ്റ്കീപ്പറും നാട്ടുകാരും പൊലീസിലും റെയിൽവേ സ്റ്റേഷനിലും അറിയിച്ചു. തുടർന്നാണ് കാർ ട്രാക്കിൽ നിന്ന് നീക്കിയത്. പിറ്റേ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് ചൊവ്വയിലെ റെയിൽവെ ട്രാക്കിലേക്ക് ഇയാൾ കാർ ഓടിച്ചു കയറ്റിയത്. മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്നു പൊലീസ് പറയുന്നു. ട്രാക്കിൽ കാർ കിടന്ന സമയത്ത് ട്രയിൻ വരാതിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.