വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
കൊല്ലം: തനിക്ക് വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത് പോലെ വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.
കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ സജിത, തനിക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുവരുടെയും മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് സജിതയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് സുജിത്തിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് സുജിത്തിനെതിരെ ചേര്‍ത്തിരിക്കുന്നത്. അതിനിടെ നീതി ലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും സജിത പറയുന്നു.
താനുമായി അകന്നുകഴിയുന്ന ഭര്‍ത്താവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സജിത ആരോപിക്കുന്നത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. അതുകൊണ്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായും സജിത പറയുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ സജിതയുടെ വീട്ടില്‍ നിന്ന് അസാധാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍ സജിത പറയുന്നത് അവിശ്വസനീയമാണ്. പരാതിയില്‍ പറയുന്നത് പോലെ സജിതയുടെ ഫോണിലും സജിതയുടെ അമ്മയുടെ ഫോണിലും ഹിഡന്‍ ആപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കൊട്ടാരക്കര എസ്‌എച്ച്‌ഒ പ്രശാന്ത് വി എസ് പറയുന്നു.
കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ രാജന്റെ വീട്ടിലാണ് അവിശ്വസനീയമായരീതിയില്‍ പല സംഭവങ്ങളും നടക്കുന്നതായി പരാതി ലഭിച്ചിട്ടുള്ളത്. രാജന്റെ ഭാര്യയായ വിലാസിനിയുടെയും മകള്‍ സജിതയുടെയും ഫോണുകളില്‍ അജ്ഞാതന്റെ സന്ദേശം വന്ന ശേഷം കിണറ്റിലെ മോട്ടോറുകള്‍ പൊട്ടിത്തെറിക്കുക, ഫ്രിഡ്ജ് തകരാറിലാവുക, ടെലിവിഷന്‍ തകരാറിലാവുക, വൈദ്യുതി വിച്ഛേദിക്കപ്പെടുക, സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുക തുടങ്ങിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവസമയത്ത് ഇടിമിന്നലോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. ഓരോന്നും സംഭവിക്കുന്നതിനു തൊട്ടുമുമ്ബ് അപകടം നടക്കുമെന്ന് സൂചിപ്പിച്ച് വാട്സാപ്പില്‍ സന്ദേശമെത്തും. വീട്ടില്‍ ആരെല്ലാം ഉണ്ടെന്നതും ആരെല്ലാം വന്നുപോകുന്നു എന്നതും വീട്ടിലെ സംഭാഷണ വിഷയങ്ങള്‍ പോലും സന്ദേശമായി എത്തുന്നതായും കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.
മോട്ടോര്‍ നിറഞ്ഞുകവിഞ്ഞാല്‍ അറിയിപ്പെന്ന പോലെ സന്ദേശമെത്തും. ഒരിക്കല്‍ ടിവി പൊട്ടിത്തെറിക്കും എന്നതായിരുന്നു വാട്സാപ്പിലെത്തിയ സന്ദേശം. പിന്നാലെ ടിവിയുടെ പിറകില്‍നിന്ന് പുകയുയര്‍ന്നു. ഇതുപോലെ വീട്ടിലെ സ്വിച്ച് ബോര്‍ഡ് കത്തിനശിച്ചെന്നും ഫാന്‍ പ്രവര്‍ത്തനരഹിതമായെന്നും വീട്ടുകാര്‍ പറയുന്നു.
നാട്ടിലെ അറിയപ്പെടുന്ന ഇലക്‌ട്രീഷ്യനായ രാജന്റെ വീട്ടിലെ വയറിങ്ങിലെ തകരാറാണോ എന്നറിയാന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്തിയില്ല. പൊലീസിലും സൈബര്‍ സെല്ലിലും പലതവണ പരാതിപ്പെട്ടെങ്കിലും കുടുംബ വഴക്കാണെന്നു പറഞ്ഞ് ആദ്യമൊന്നും അന്വേഷണം നടത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
സജിതയുടെ ഫോണ്‍ വീട്ടുവളപ്പിലേക്കു കടന്നാലുടന്‍ തനിയെ സ്വിച്ച് ഓഫ് ആകുകയും പിന്നീട് ഓണ്‍ ആകുകയും ചെയ്യുമെന്നാണ് ആരോപണം. അശ്ലീലസന്ദേശങ്ങളാണ് വാട്സാപ്പിലൂടെ ആദ്യം വന്നിരുന്നത്. ഫോണ്‍ തകരാറാണെന്നു കരുതി ഇതിനകം മൂന്നു ഫോണുകള്‍ സജിത മാറി. ഫോണ്‍ ആരോ ഹാക്ക് ചെയ്യുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഒന്നൊന്നായി നശിച്ചതോടെയാണ് സംഭവം ഗൗരവമായി കണ്ടതെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, നാട്ടുകാര്‍ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഓട്ടോമാറ്റിക് ഇലക്‌ട്രോണിക് സര്‍ക്യൂട്ട് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാകുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.