ജയിലർക്ക് എ സര്‍ട്ടിഫിക്കറ്റ് നൽകണം; മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
രജനീകാന്ത് സിനിമയായ ജയിലർക്ക് നൽകിയ യുഎ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകന്‍. ഈ സിനിമയ്ക്ക് പ്രായപൂര്‍ത്തിയായവരെ മാത്രം കാണാന്‍ അനുവദിക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ എം എല്‍ രവി മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
ജയിലർക്ക് നിലവില്‍ നല്‍കിയിരിക്കുന്നത് യുഎ സര്‍ട്ടിഫിക്കറ്റ് ആണ്. ഈ സർട്ടിഫിക്കറ്റ് ,12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കൊപ്പം ചിത്രം കാണാന്‍ കഴിയും. എന്നാൽ, സിനിമയിൽ അക്രമാസക്തമായ ഭാഗങ്ങള്‍ ഉണ്ടെന്നും ഇവ കാണുന്നതില്‍ നിന്ന് കുട്ടികളെ തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
അതുകൊണ്ടുതന്നെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇപ്പോൾ നൽകിയിട്ടുള്ള യുഎ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.യുഎ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്ന തന്റെ ഹര്‍ജി കോടതി പരിഗണിക്കുന്നതുവരെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു
അതേസമയം, അന്താരാഷ്ട്ര തലത്തില്‍ റിലീസ് ചെയ്ത ജയിലറിന് അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഈ സിനിമയുടെ പല ഭാഗങ്ങളിലും അക്രമങ്ങളും കൊലപാതകങ്ങളും കാണിക്കുന്നുണ്ട്. പ്രധാന കഥാപാത്രം മറ്റുള്ളവരെ തലകീഴായി നിര്‍ത്തുന്നതും ചുറ്റികകൊണ്ട് തല അടിച്ച് പൊളിക്കുന്നതും ചെവി അറുക്കുന്നതും ഉള്‍പ്പെടെ പല ഭാഗങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്ത അത്രയും അക്രമം നിറഞ്ഞതാണ്.
ഈ രീതിയിൽ അക്രമങ്ങള്‍ ചിത്രങ്ങള്‍ നിസാരവല്‍ക്കരിക്കുന്നില്ലെന്നും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആണെന്നും ഹര്‍ജിക്കാരന്‍ അഭിപ്രായപ്പെട്ടു.