കോളജ് വിദ്യാര്‍ത്ഥിനി വീടിനു മുന്‍പില്‍ ചരക്കുലോറി ഇടിച്ച് മരിച്ചു
തൃശൂര്‍; കോളജ് വിദ്യാര്‍ത്ഥിനി വീടിനു മുന്‍പില്‍ ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ മമ്ബാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്.
സ്കൂട്ടറില്‍ കോളജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ റെനിഷയെ ലോറി ഇടിക്കുകയായിരുന്നു. അമ്മ സുനിത നോക്കി നില്‍ക്കെയായിരുന്നു ദാരുണ ആപകടം.
ബുധനാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടമുണ്ടായത്. തൃശ്ശൂരില്‍നിന്ന് വിയ്യൂരിലേക്കുള്ള റോഡില്‍ ഇടതുഭാഗത്താണ് ഇവരുടെ വീട്. ഇവിടെനിന്നിറങ്ങി റോഡ് മുറിച്ചുകടന്നുവേണം തൃശ്ശൂരിലേക്ക് പോകാന്‍. എന്നാല്‍, വീട്ടില്‍നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം. ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്ക് മരണത്തിനിടയാക്കി.
മകള്‍ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു സുനിത. അമ്മ തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച് റെനിഷയെ ആശുപത്രിയിലെത്തിച്ചത്. ഒന്നരവര്‍ഷംമുന്‍പ് കോവിഡ് ബാധിച്ചായിരുന്നു റെനീഷയുടെ അച്ഛന്‍ മരിത്തുന്നത്. തുടര്‍ന്ന് വീടുകളില്‍ ട്യൂഷന്‍ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എംബിഎ വിദ്യാര്‍ഥിനിയാണ്. വീടിനോട് ചേര്‍ന്ന് അമ്മ സുനിത ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. നര്‍ത്തകികൂടിയാണ് റെനിഷ. സഹോദരി: രേഷ്‌ന.