മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരാള്‍ക്ക് മുമ്ബുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ല; മദ്രാസ് ഹൈക്കോടതി
ചെന്നൈ: മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരാള്‍ക്ക് മതപരിവര്‍ത്തനത്തിന് മുമ്ബുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതം മാറിയ ദളിത് യുവാവ്, ജനിച്ച സമുദായത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ ആനുകൂല്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
മറ്റൊരു മതത്തിലേക്ക് മാറിയ ഒരാള്‍ക്ക് സാമുദായിക സംവരണത്തിന്റെ ആനുകൂല്യം നല്‍കാനാകുമോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയല്ലെന്നും ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍ നിരീക്ഷിച്ചു.
ഏതെങ്കിലും ജാതിയിലോ ഉപജാതിയിലോ പെട്ടവര്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ അയാളുടെ ജാതി ഇല്ലാതാകുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്ബത്തെ നിരീക്ഷണവും കോടതി പരിശോധിച്ചു. മതപരിവര്‍ത്തനത്തിന് ശേഷം മുസ്ലീം മതത്തില്‍ സ്ഥാനം നിര്‍ണ്ണയിക്കുന്നത് മതം മാറുന്നതിന് മുമ്ബ് ഏത് ജാതിയില്‍ ആയിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ജസ്റ്റിസ് ഉദ്ധരിച്ചു. ഒരു വ്യക്തി തന്റെ മതത്തിലേക്ക് തിരികെ മടങ്ങിയെത്തിയാല്‍, ജാതി സ്വത്വവും തിരികെ വരുമെന്നും അയാള്‍ക്ക് അത് ഉപയോഗിക്കാമെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.
ഹര്‍ജിക്കാരന്‍ 2008ല്‍ കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പേരുമാറ്റി ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. 2018 ല്‍, ഇയാള്‍ തമിഴ്‌നാട് കമ്ബൈന്‍ഡ് സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയെങ്കിലും മെറിറ്റ് ലിസ്റ്റില്‍ ഇടം നേടാനായില്ല. ടി.എന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ‘ജനറല്‍’ വിഭാഗത്തിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയിലെത്തിയത്.