ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിൽ തർക്കം; യുവതിയെ തലക്കടിച്ചു കൊന്നു ബന്ധുക്കൾ
നാഗര്‍കോവില്‍: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിലെ തര്‍ക്കത്തില്‍ യുവതിയെ തലയ്ക്കടിച്ച് കൊന്ന് ബന്ധുക്കള്‍.
ഇരണിയലിനു സമീപമാണ് സംഭവം. മണക്കര അവരിവിളാകം ദുര്‍ഗ(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃ പിതാവ് ആറുമുഖ പിള്ള(78), ഇളയ സഹോദരന്‍ മധു(42) എന്നിവര്‍ അറസ്റ്റിലായി.
ബിഎസ്‌എഫ് ജവാനായിരുന്നു ദുര്‍ഗയുടെ ഭര്‍ത്താവ് അയ്യപ്പഗോപു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹം മരിക്കുന്നത്. മരണത്തെത്തുടര്‍ന്ന് ലഭിച്ച ധനസഹായത്തുകയില്‍ പങ്കുചോദിച്ച് അച്ഛനും സഹോദരനും ദുര്‍ഗയുമായി വഴക്കിട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍നിന്നു ഇറങ്ങിയ ദുര്‍ഗയെ പിന്തുടര്‍ന്ന് ഇരുവരും പണം ചോദിച്ചു.
പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായതായാണ് പൊലീസ് പറയുന്നത്. തലയില്‍ ഗുരുതര പരിക്കേറ്റ ദുര്‍ഗയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.. ഇരണിയല്‍ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തു.