കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകനെ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നു

19 July 2023

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകനെ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘം നടുറോഡിൽ വെട്ടിക്കൊന്നത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു.
അക്രമത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അമ്പാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് വിശദീകരിച്ചു.