അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു
വയനാട്: വയനാട് മേപ്പാടി പള്ളിക്കവലയിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. ആദിദേവിന് കഴിഞ്ഞ ദിവസമാണ് അയൽവാസിയുടെ വെട്ടേറ്റത്. അയൽവാസിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് മേപ്പാടി പള്ളിക്കവലയിൽ അമ്മയേയും കുട്ടിയേയും അയൽവാസി വെട്ടി പരിക്കേൽപ്പിച്ചത്. നെടുമ്പാല പള്ളിക്കവലയിൽ അംഗനവാടിയ്ക്ക് സമീപമാണ് സംഭവം നടന്നത്. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവരെ അയൽവാസി ജിതേഷ് വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പികുകയായിരുന്നു. സംഭവത്തില്‍ അയൽവാസി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇരു കുടുംബങ്ങളും ഒരുമിച്ച് നടത്തുന്ന കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
ജിതേഷിന്‍റെ ആക്രമണത്തില്‍ അനിലയുടെയും മകൻ ആദിദേവിന്‍റെ തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റികുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അതേസമയം, അമ്മ അനില അപകടനില തരണം ചെയ്തു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കവും വ്യക്തി വിരോധവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി ജിതേഷിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിക്കെതിരെ നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി റിമാന്‍റിലാണ്.