ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി പൊലീസുകാര്‍ക്ക് നല്‍കിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം വിവാദമായതോടെ പിന്‍വലിച്ചു

single-img
17 November 2022

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി പൊലീസുകാര്‍ക്ക് നല്‍കിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം വിവാദമായതോടെ പിന്‍വലിച്ചു.

സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം വിവാദമായതോടെയാണ് കൈപുസ്തകം പിന്‍വലിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതിനാലാണ് തെറ്റ് പറ്റിയതെന്നാണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ നല്‍കിയ വിശദീകരണം. നിര്‍ദ്ദേശങ്ങളില്‍ കുറെ അധികം തെറ്റുകളുണ്ടായെന്നും എല്ലാം തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും എഡിജിപി അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും വിശദീകരിച്ചു.

സുപ്രീംകോടതി വിധിപ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണമുണ്ടായത്. സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍പ് ഉണ്ടായ അതേ രീതിയില്‍ പ്രവേശനം തുടരുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.