ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്ടറിൽ പരുന്തിടിച്ചു; അടിയന്തിരമായി താഴെയിറക്കി
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്ടറിൽ പക്ഷിയിടിച്ച് അപകടം. സംസ്ഥാനത്തെ മുളബാഗിലുവിലേക്കുള്ള യാത്രക്കിടെ ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്നു. ജക്കൂർ വിമാനത്താവളത്തിന് സമീപമാണ് ശിവകുമാറിന്റെ ഹെലികോപ്ടറിൽ പരുന്ത് ഇടിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു.
അപകട സമയം ശിവകുമാറിനൊപ്പം യാത്ര ചെയ്ത ഒരാൾക്ക് നിസാര പരിക്കേറ്റു. ഹെലികോപ്ടർ എച്ചഎഎൽ എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു എന്ന് ന്യൂസ് ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. കർണാടക കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹെലികോപ്ടറിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്.
‘ഡികെ ശിവകുമാർ സഞ്ചരിഹ ഹെലികോപ്ടറിൽ പരുന്ത് ഇടിച്ച് അപകടമുണ്ടായി. ഹെലികോപ്ടറിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. കോപ്ടർ സുരക്ഷിതമായി താഴെയിറക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല’- കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു.
അതേസമയം, കോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോലാർ ജില്ലയിലേക്കുള്ള യാത്രയിലായിരുന്നു ശിവകുമാർ. ബെംഗളൂരുവിലെ ജക്കൂർ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്ടർ യാത്ര തുടങ്ങിയത്. വരുന്ന ബുധനാഴ്ച നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളുടെ തിരക്കിലാണ് കോൺഗ്രസ്.