തൊഴിലുറപ്പ് യോഗത്തിലേക്ക് അക്രമകാരികളായി കാട്ടുപന്നിക്കൂട്ടം; അഞ്ച് പേർക്ക് പരിക്ക്

single-img
14 February 2023
ഫോട്ടോ കടപ്പാട്: ഗൂഗിൾ

ചാരുംമൂട്ടിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പാലമേൽ പി എച്ച് സി വാർഡിലെ പ്രൊജക്ട് മീറ്റിങ് നടക്കുന്നതിനിടയിൽ ഉണ്ടായ ആക്രമണത്തിൽ നൂറനാട് പാലമേൽ ഉളവുക്കാട് കലതികുറ്റിയിൽ താഴേപ്പുര സുജാത (54), വാലുതുണ്ടിൽ പടീറ്റതിൽ ലീല (55), അജി ഭവനം അമ്പിളി (48), വല്ലത്ത് കിഴക്കതിൽ സുകുമാരി ( 62 ), ഗീതു ഭവനം ബിജി (51) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ ഗുരുതരമായി പരിക്കേറ്റ സുജാതയെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 നോടെ കലതി കുറ്റി ഭാഗത്തു വെച്ചായിരുന്നു സംഭവം. ഗ്രാമ പഞ്ചായത്ത് അംഗം രാജലക്ഷ്മിയുടെ നേതൃത്വത്തിൽ യോഗം നടക്കുന്നതിനിടയിൽ തൊഴിലാളികൾക്കിടയിലേക്ക് കുതിച്ചുവന്ന കാട്ടു പന്നികളുടെ കൂട്ടത്തിലൊരെണ്ണം സുജാതയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സുജാതക്ക് സമീപമുണ്ടായിരുന്നവരെയും കാട്ടുപന്നി കൂട്ടം ആക്രമിച്ചു.

ഇതുകണ്ടയുടൻ മറ്റ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് കാട്ടു പന്നികൾ ഓടി പോകുകയായിരുന്നു. പന്നിയുടെ ആക്രമണത്തിൽ നടുവിന് പരിക്കേറ്റ സുജാതയെ ഉളവുക്കാട് പി. എച്ച്. സി യിൽ, തുടർന്ന് മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന ലീലയുടെ മുഖത്തും, മറ്റ് തൊഴിലാളികൾക്ക് കൈകാലുകൾക്കുമാണ് പരിക്കേറ്റത്.

അതേസമയം, ചാരുംമൂട് മേഖലയിൽ പാലമേൽ, നൂറനാട്, താമരക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി കാട്ടുപന്നിശല്യം രൂക്ഷമാണ്. കാട്ടുപന്നികൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.