ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതലയോഗം
തിരുവനന്തപുരം: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത് അടക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും.
രാവിലെ 11 ന് തിരുവനന്തപുരത്താണ് യോഗം. തിരക്ക് നിയന്ത്രിക്കുന്നതിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണോ എന്നതിലടക്കം തീരുമാനമെടുത്തേക്കും.
യോഗത്തില്‍ ദേവസ്വം- പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. നിലവില്‍ 1.20 ലക്ഷം പേര്‍ക്കാണ് പ്രതിദിനം വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാവുന്നത്. ഇത് 85,000 ആയി ചുരുക്കണമെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയന്ത്രണം ആവശ്യമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം അരമണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാത്രി നട അടയ്ക്കുന്നത് 11.30 നാണ്. ഇതോടെ ഒരു ദിവസം പതിനെട്ടര മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു.
ശബരിമലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഒരു ലക്ഷത്തിലേറെ പേരാണ് ദര്‍ശനത്തിന് എത്തുന്നത്. ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഇന്നാണ്. ഇന്ന് 1.19 ലക്ഷം പേരാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്.