ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്
ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ചൈന, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
ചൈന സീറോ കൊവിഡ് നയം പിന്‍വലിച്ചാല്‍ 13 മുതല്‍ 21 ലക്ഷം ആളുകള്‍ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റര്‍ നിരക്കും ഹൈബ്രിഡ് പ്രതിരോധശേഷിയുടെ അഭാവവുമാണ് ചൈനക്ക് തിരിച്ചടിയായതെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് സ്ഥാപനമായ എയര്‍ഫിനിറ്റി റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷി വളരെ കുറവാണ്. പൗരന്മാര്‍ക്ക് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സിനോവാക്ക്, സിനോഫാം എന്നീ വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ചൈനയുടെ വാക്സീനുകള്‍ക്ക് കാര്യക്ഷമത കുറവാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ ഹോങ്കോങ്ങിന് സമാനമായ തരംഗം കാണുകയാണെങ്കില്‍, ചൈനയില്‍ 167 മുതല്‍ 279 ദശലക്ഷം കൊവിഡ് കേസുകള്‍ വരെ ഉണ്ടാകാമെന്നും മരണം 13 മുതല്‍ 21 ലക്ഷം വരെ ആകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചൈന ഗുണനിലവാരമുള്ള വാക്സീനുകള്‍ വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷികമാണെന്ന് എയര്‍ഫിനിറ്റിയുടെ വാക്‌സിനുകളുടെയും എപ്പിഡെമിയോളജിയുടെയും തലവന്‍ ഡോ. ലൂയിസ് ബ്ലെയര്‍ പറഞ്ഞു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഡിസംബര്‍ ഏഴിന് ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. പിന്നാലെ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കൊവിഡ് വ്യാപനം ആഗോള സാമ്ബത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം.
ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയിലും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട.ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.