ആള്‍ദൈവം ചമഞ്ഞ് ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച
തിരുവനന്തപുരം: ആള്‍ദൈവം ചമഞ്ഞ് ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. വെള്ളായണിയിലാണ് കുടുംബത്തെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയത്.
കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ വിദ്യ എന്ന ആള്‍ദൈവവും സംഘവും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നത്. വെള്ളായണി കൊടിയില്‍ വീട്ടില്‍ വിശ്വംഭരനും മക്കളുമാണ് തട്ടിപ്പിനിരകളായത്.
സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ പൂട്ടിവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. സ്വര്‍ണവും പണവും തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വിശ്വംഭരന്റെ കുടുംബം തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവമായ വിദ്യയേയും സംഘത്തേയും അഭയം പ്രാപിക്കുന്നത്. വിദ്യയും നാലംഗ സംഘവും 2021ല്‍ ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി.
സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ വച്ച് പൂജിച്ചാല്‍ മാത്രമേ ദേവി പ്രീതിപ്പെടു എന്നു പറഞ്ഞു വിശ്വസിപ്പിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നും മറുപടി. പിന്നീടത് ഒരു വര്‍ഷമായി.
ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല. നഷ്ടമായവ വീണ്ടെടുക്കാന്‍ ഈ കുടുംബം സ്റ്റേഷനുകള്‍ കയറി ഇറങ്ങുകയാണ് ഇപ്പോള്‍.