ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റാകും;ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യത

single-img
23 October 2022

ന്യൂഡല്‍ഹി; ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റായി മാറിയേക്കും.

സിട്രാങ്’ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ബംഗാളിലെ സാഗര്‍ ദ്വീപിന് 1,460 കിലോമീറ്റര്‍ തെക്കുകിഴക്കായി വടക്കന്‍ ആന്‍‍ഡമാനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതു പിന്നീട് പടി‍ഞ്ഞാറന്‍ തീരത്തേക്കു കേന്ദ്രീകരിച്ചു. ഇന്നു പുലര്‍ച്ചെയോടെ വടക്കു പടിഞ്ഞാറന്‍ ദിക്കിലേക്കു നീങ്ങുന്ന ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലെത്തുമ്ബോള്‍ ശക്തമാകും. നാളെ പുലര്‍ച്ചെയോടെ ചുഴലിയായി മാറും. 25നു രാവിലെ ബംഗ്ലദേശ് തീരത്തേക്കു കടക്കുമെന്നുമാണ് പ്രവചനം.

കേരളത്തെ ബാധിക്കില്ലെങ്കിലും മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്. 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.