മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ സ്റ്റാലിനേപ്പോലുള്ള ആളുകളുടെ അനുഗ്രഹം ആവശ്യമാണ്; പിവി അൻവർ
നമ്മുടെ രാജ്യത്തെ മതേതര സമൂഹത്തിന് വളരെയധികമായി വിശ്വസിക്കാൻ കഴിയുന്ന നേതാവാണ് എം കെ സ്റ്റാലിനെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഇന്ന് നടക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ പാർട്ടി ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങിനുള്ള വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയപ്പോഴായിരുന്നു പ്രതികരണം.
അൻവർ രൂപീകരിച്ച ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ ഡിഎംകെയുമായി സഖ്യകക്ഷിയാകുമെന്ന സൂചനകൾക്കിടെയാണ് അൻവർ ഇത്തരത്തിൽ പ്രതികരിച്ചത്.
ഒരു മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ സ്റ്റാലിനേപ്പോലുള്ള ആളുകളുടെ അനുഗ്രഹം ആവശ്യമാണ്. തമിഴ്‍നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെ. ഡെമോക്രറ്റിക് മൂവ്മെന്റ് ഓഫ് കേരള കേരളത്തിലെ യുവാക്കളുടെ വിഷയങ്ങൾ ഉൾപ്പടെ അഡ്രസ് ചെയ്യും. യുവാക്കൾ ഇന്റെർനെറ്റിന് അടിമയായി പോകരുതെന്നും അൻവർ പറഞ്ഞു.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കാനിരിക്കുന്ന പരിപാടിക്ക് ബംഗാളിൽ നിന്ന് ആളെ ഇറക്കുന്നുണ്ടെന്നും പരിഹാസ രൂപേണ അൻവർ പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാരായ മനുഷ്യരാണ് പ്രബലർ. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ മുന്നേറ്റമാണ് നടക്കുന്നത്.
ഞങ്ങളുടെ വേദിയിൽ പലരെയും പ്രതീക്ഷിക്കാം. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് മഞ്ചേരി. കേരളത്തിലെ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും കേവലം മണ്ഡലത്തിലേത് അല്ലെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.